കോയമ്പത്തൂർ: ലഹരിയല്ല, ലക്ഷ്യങ്ങളാണ് പ്രധാനം എന്ന ശക്തമായ സന്ദേശവുമായി കാംഫോർഡ് ഇന്റർനാഷണൽ സ്കൂളിൽ വേറിട്ട ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ പത്തടി ഉയരമുള്ള ഭീമൻ ഫുട്ബോളും 48 ലോകരാജ്യങ്ങളുടെ പതാകകളുമേന്തി നൂറുകണക്കിനു വിദ്യാർഥികൾ അണിനിരന്നു.
കുട്ടികളിൽ ആത്മവിശ്വാസം, കൂട്ടായ്മ, ശാരീരികക്ഷമത, ശരിയായ ജീവിതരീതി എന്നിവ വളർത്തിയെടുക്കാൻ കായികരംഗത്തിന് സാധിക്കുമെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടി. യുവതലമുറയെ ലഹരിയുടെ ഭീകരതയിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റേയും അവരെ ശരിയായ ലക്ഷ്യങ്ങളിലേക്ക് നയിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ചെയർമാൻ എൻ. അരുൾ രമേഷ്, കറസ്പോണ്ടന്റ് പൂങ്കോതൈ അരുൾ രമേഷ് എന്നിവർ പ്രസംഗിച്ചു. 48 രാജ്യങ്ങൾ, ഒരു കളി, ഒരു ലോകം, ഒരൊറ്റ ശരിയായ തീരുമാനം - ലഹരിയല്ല, ലക്ഷ്യങ്ങളാണ് പ്രധാനം എന്ന പ്രഖ്യാപനത്തോടെയാണ് കാമ്പയിൻ സമാപിച്ചത്.